ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മദ്രാസ് സംസ്ഥാനത്തില്‍പ്പെട്ട കര്‍ണ്ണാടകത്തിലെ ഏകദേശം തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കാസര്‍ഗോഡ് താലൂക്കിന്റെ മധ്യഭാഗത്തായി കിടക്കുന്ന ഏതാനും ഗ്രാമങ്ങള്‍ കൂട്ടിച്ചര്‍ത്താണ്  മുളിയാര്‍ പഞ്ചായത്ത്  രൂപീകൃതമായത്. പയസ്വിനി പുഴ കൂടികലരുന്ന ചന്ദ്രഗിരിപുഴയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിന് മുളിയാര്‍ എന്ന പേര് വന്നതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ആറ് ശിരസുള്ളവന്‍ സുബ്രഹ്മണ്യന്‍ എന്ന അര്‍ത്ഥത്തില്‍ മൌലി, ആറ്  എന്ന പദങ്ങളാണ് കാലാന്തരത്തില്‍ മുളിയാര്‍ എന്നറിയപ്പെട്ടത്. ഈ ഐതിഹ്യത്തെ സ്ഥിരീകരിക്കുന്നതാണ് മുളിയാര്‍ പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യക്ഷേത്രം. മഞ്ചല്‍ ചുമക്കുന്ന വിഭാഗത്തില്‍പ്പെട്ട ബോവി വംശജര്‍ താമസിച്ചിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ബോവിക്കാനം എന്നും, ചിറക്കല്‍ കോവിലകം (ബല്ലാള) ഭരണാധികാരികളുടെ പണ്ടത്തെ കനകപുരമാണ് കനകത്തൂരും പിന്നീട് കാനത്തൂരുമായി രൂപാന്തരം പ്രാപിച്ചതെന്നും, കണ്വമഹര്‍ഷി തപസ്സുചെയ്തിരുന്ന പ്രദേശമെന്ന അര്‍ത്ഥത്തില്‍ കന്നിക്കുണ്ട് എന്നും, മല്ലയ്യന്‍ എന്ന കാര്യസ്ഥന്റെ പ്രദേശമെന്ന അര്‍ത്ഥത്തില്‍ മല്ലം എന്നും സ്ഥലനാമങ്ങള്‍ക്ക്  ഐതിഹ്യമുണ്ട്. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളെന്ന നിലയില്‍ നിരവധി ആരാധനാലയങ്ങള്‍ മുളിയാറിന്റെ  മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള മല്ലം ശ്രീദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ഉത്തരകേരളത്തില്‍ നിന്നും, ദക്ഷിണകര്‍ണ്ണാടകത്തില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ട്. മതസൌഹാര്‍ദ്ദത്തിന് കേളികേട്ട ഈ അമ്പലത്തിലേക്ക് നാനാജാതിമതസ്ഥരില്‍പ്പെട്ടവരും  ദര്‍ശനത്തിനായി വരാറുണ്ട്. ദക്ഷിണഭാരതത്തിലെ വാസ്തുശില്പകലാ സംസ്കാരത്തിന്റെ പ്രതീകമായി മല്ലം ക്ഷേത്രത്തിന് മുന്‍ഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന തഞ്ചാവൂര്‍ മാതൃകയിലുള്ള രാജഗോപുരത്തിന് 54 അടി  ഉയരമുണ്ട്. ഈ ഗോപുരത്തില്‍ 132 വിഗ്രഹങ്ങള്‍ കൊത്തി  വച്ചിട്ടുണ്ട്. മതസൌഹാര്‍ദ്ദത്തിന്റെ മറ്റൊരു പ്രതീകമാണ് ബാവിക്കര ദര്‍ഗാശെരീഫ്. ഒട്ടനവധി ഐതിഹ്യങ്ങള്‍ ഈ മഖാമുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് പറയാനുണ്ട്. വര്‍ഷത്തില്‍ നടത്തി വരാറുള്ള നേര്‍ച്ചാസംബന്ധമായി അവിടെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ചന്ദ്രഗിരിപുഴയില്‍ കൂടി മത്സ്യങ്ങള്‍ വരാറുണ്ടായിരുന്നുവെന്നും  ഇക്കൂട്ടത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ (കാതില്‍ കുണ്ടലം) അണിഞ്ഞ ഒരു മത്സ്യവും വരാറുണ്ടെന്നുമാണ് വിശ്വാസം. ഈ ദര്‍ഗയുടെ തൊട്ടടുത്തുള്ള മസ്ജിദുമായി ബന്ധപ്പെട്ട വാതില്‍പലക ചന്ദ്രഗിരിപുഴയില്‍പ്പെട്ട് ഒഴിക്കിനെതിരെ സഞ്ചരിച്ച് ആദൂരില്‍ എത്തിയെന്നും ആ കാരണത്താല്‍ അവിടെ മസ്ജിദ് നിര്‍മ്മിച്ചെന്നും കരുതപ്പെടുന്നു. ഇരുനൂറ് വര്‍ഷം പഴക്കമുള്ള ബാവിക്കര ദര്‍ഗയില്‍ കൊല്ലത്തില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചയുമായി ബന്ധപ്പെട്ട് നാനാജാതിമതസ്ഥര്‍ ഇവിടെ എത്താറുണ്ട്. സാമുദായിക ഐക്യത്തിന്റെ പ്രതീകമായി അനേകം ചരിത്രസത്യങ്ങള്‍ കുടികൊള്ളുന്ന പഞ്ചായത്താണ് മുളിയാര്‍. പൊവ്വലില്‍ സ്ഥിതിചെയ്യുന്ന ഇകേരി നായക് നിര്‍മ്മിച്ചതും പിന്നീട് ടിപ്പുസുല്‍ത്താന്‍ പിടിച്ചടക്കിയതുമായ പൊവ്വല്‍ കോട്ടയും, ബ്രിട്ടീഷ് ആധിപത്യത്തിന്റെ പ്രതീകമെന്ന നിലയില്‍ അടുത്തകാലം വരെ സ്ഥിതിചെയ്തിരുന്ന പൊവ്വലിലെ ബഞ്ചിക്കോടതിയും മുതലപ്പാറയില്‍ സ്ഥിതിചെയ്യുന്ന പാറപ്പുറത്തുള്ള മുതലയുടെ അടയാളവും, മഞ്ചക്കല്ലിലെ വിശാലമായ പാറപ്പുറത്ത് ബീരന്‍പതിക്ക് സമീപം കാണപ്പെടുന്ന ചില അടയാളങ്ങളും, ആലൂരിനും, ബാവിക്കരയ്ക്കും ഇടയിലുള്ള ബാവിക്കരപുഴയുടെ തീരത്ത് കാണപ്പെടുന്ന ഗുഹയും മുതലപ്പാറയ്ക്ക് സമീപം പാണ്ഡവന്‍മാരാല്‍ നിര്‍മ്മിതമായതെന്ന് വിശ്വസിക്കപ്പെടുന്ന ചബരികുളവും മുളിയാറില്‍ ഉറങ്ങിക്കിടക്കുന്ന ചരിത്രസത്യങ്ങളുടെ കഥകള്‍ പറയുന്നു. സ്വാതന്ത്ര്യസമരസേനാനിയും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിന്റെ മാതൃകാപുരുഷനുമായ  ദിവംഗതനായ മേലത്ത് നാരായണന്‍ നമ്പ്യാരുടെ ശ്രമഫലമായി കേളപ്പജിയുടേയും സ്വാമി ആനന്ദതീര്‍ത്ഥന്റേയും പാദസ്പര്‍ശമേറ്റ് പുളകിതമായിട്ടുള്ള മുളിയാറിന്റെ മണ്ണിലെ ക്ഷേത്രങ്ങളിലും ജന്മിവീടുകളിലും ഹരിജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള അയിത്തം ഒരു പരിധിവരെ നീക്കംചെയ്യാന്‍ സാധിച്ചു. പാരമ്പര്യവൈദ്യത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഒട്ടനവധി പാരമ്പര്യവൈദ്യന്‍മാര്‍ ഈ ഗ്രാമപഞ്ചായത്തിലുണ്ട്. പ്രധാനമായും പാത്തനടുക്കം കണ്ണന്‍വൈദ്യരും, പി.വി.രാമന്‍വൈദ്യരും, വെങ്കിട്ടരമണ ഭട്ട്, പയര്‍പള്ളം കോരന്‍ വൈദ്യര്‍, കെ.വി.കണ്ണന്‍ വൈദ്യര്‍, ചിണ്ടന്‍ വൈദ്യര്‍ മുതലായവര്‍ ഈ മേഖലയില്‍ പേരുകേട്ടവരാണ്. മുളിയാറിന്റെ വിദ്യാഭ്യസ ചരിത്രം കുടുംബസദസ്സുകളില്‍ നിന്നും ആരംഭിക്കുന്നു. ഇങ്ങനെ ആരംഭിച്ച പള്ളിക്കൂടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ന് ഗവണ്‍മെന്റ് സ്ഥാപനമായി അറിയപ്പെടുന്ന ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഇരിയണ്ണി. ഇതുകൂടാതെ മറ്റു ഒട്ടനവധി മതപഠനശാലകളും ഉണ്ടായിരുന്നു. എന്നാല്‍ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്വാതന്ത്ര്യസമരസേനാനികളായ ഇന്ത്യാ ഗവണ്‍മെന്റിന്റെ താമ്രപത്രം ലഭിച്ച  മേലത്ത് നാരായണന്‍ നമ്പ്യര്‍, എ.കെ.കൃഷ്ണന്‍ നായര്‍, എന്‍.കോരന്‍നായര്‍, കെ.പി.മാധവന്‍ നായര്‍ എന്നീ ധീരദേശാഭിമാനികള്‍ മുളിയാറിന്റെ വീരപുത്രന്‍മാരാണ്. മല്ലം ദുര്‍ഗ്ഗാപരമേശ്വരീ ക്ഷേത്രം, മുളിയാര്‍ സുബ്രഹ്മണ്യക്ഷേത്രം, കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം, പയം വിഷ്ണുക്ഷേത്രം എന്നിവ പഞ്ചായത്തിലെ ഹിന്ദു ആരാധനാലയങ്ങളാണ്. ബാവിക്കര, മല്ലം, പൊവ്വല്‍, ബെള്ളിപ്പാടി, ബോവിക്കാനം, കോട്ടൂര്‍, എരിഞ്ഞിപ്പുഴ, ആലൂര്‍, മാസ്തിക്കുണ്ട് എന്നിവിടങ്ങളില്‍ മുസ്ളീം പള്ളികളുണ്ട്. മിക്കവാറും എല്ലാ മുസ്ളീം പള്ളികളുമായി ബന്ധപ്പെട്ടുകൊണ്ട് മതപഠനകേന്ദ്രങ്ങളായ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ സജീവസാന്നിദ്ധ്യമുള്ള പ്രശസ്തമായ ബാവിക്കര മഖാമിനോടനുബന്ധിച്ച് ഒരു ദര്‍സും നല്ലനിലയില്‍ നടത്തിവരുന്നു. മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനത്ത് മതമൈത്രിയുടെ  പ്രതീകമായി ഒരു ക്രിസ്ത്യന്‍ പള്ളിയും നിലവിലുണ്ട്. കോട്ടൂര്‍ ശ്രീകാര്‍ത്തികേയ യക്ഷഗാനസംഘം, മല്ലം ശ്രീദുര്‍ഗ്ഗാപരമേശ്വരി യക്ഷഗാനസംഘം എന്നിവ ഇവിടുത്തെ പ്രധാന സമിതികളാണ്.