കാഴ്ചപ്പാടും ദൌത്യവും
കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഗ്രാമപഞ്ചായത്തിന് സമഗ്ര വികസനത്തിന്റെയും സമ്പൂർണ ക്ഷേമത്തിന്റെയും ലക്ഷ്യം നേടുവാൻ പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്. കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ നന്മ-തിന്മകളും നേട്ടങ്ങളും വെല്ലുവിളികളും പൂർണ്ണമായി അപഗ്രഥിച്ചുകൊണ്ട് വരുംകാല വികസന പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
കൃഷിയും അനുബന്ധ മേഖലകളും
കാസർഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽപ്പെട്ട ഒരു കാർഷിക ഗ്രാമമാണ് മുളിയാർ ഗ്രാമപഞ്ചായത്ത്. പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് നാണ്യവിളകളായ തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുവണ്ടി എന്നീ കൃഷികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. നെല്ല്, പച്ചക്കറി, വാഴ എന്നീ കൃഷികൾ പരിമിതമായി ചെയ്തുവരുന്നു. വ്യവസായിക വിളയായ റബ്ബറും ഇപ്പോൾ വ്യാപകമാണ്.
ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, വിളകളുടെ വിലയിലെ അസ്ഥിരത, കാർഷിക വിളകൾ കേടുകൂടാതെ സൂക്ഷിച്ചുവെയ്ക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത, വിളകൾക്ക് നേരിടുന്ന രോഗബാധ എന്നിവയാണ് ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ. മാത്രമല്ല, പൊതുവെ കാർഷികവൃത്തിയോടുള്ള ജനങ്ങളുടെ താൽപര്യക്കുറവും കൃഷി അനുബന്ധ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികൾ അവലംബിക്കുകയും കാർഷികമേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യേണ്ടതാണ്. വിളകൾക്ക് ഇൻഷുറൻസ്, സൗജന്യ വിത്ത്, വള വിതരണം, സബ്സിഡികൾ എന്നിവ ലഭ്യമാക്കുകയും മെച്ചപ്പെട്ട വിപണന സൗകര്യങ്ങൾ ഏർപ്പെടുത്തി കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്തുകയും വേണം. വന്യമൃഗശല്യം പരിഹരിക്കുവാൻ പദ്ധതികളും കർമ്മസമിതികളും അനിവാര്യമാണ്.
മൃഗസംരക്ഷണവും ക്ഷീരവികസനവും
കൃഷി അനുബന്ധ മേഖലയായ മൃഗസംരക്ഷണവും ക്ഷീരവികസനവും ഗ്രാമപഞ്ചായത്തിലെ ചെറുകിട, നാമമാത്ര കൃഷിക്കാരിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന മേഖലയാണ്.
പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുന്നതിനായി കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ എന്നിവയിലൂടെ ആട്, പശു, കോഴി, താറാവ് എന്നിവ വളർത്തൽ പ്രോജക്ടുകൾ ആവിഷ്കരിച്ച് നടപ്പിലാക്കാവുന്നതാണ്.
മെച്ചപ്പെട്ട ഇനം പശു, എരുമ എന്നിവ വളർത്തുന്നതിന് പ്രോത്സാഹനം നൽകുക, ക്ഷീരകർഷക സംഘങ്ങൾ രൂപീകരിച്ച് പാലും പാലുത്പന്നങ്ങളും വിപണനം ചെയ്യുക, കാട, താറാവ്, മുട്ടക്കോഴി, ഇറച്ചിക്കോഴി എന്നിവ വളർത്തുന്നതിനായി കൂടുതൽ സബ്സിഡി അനുവദിച്ച് സ്വയംതൊഴിൽ സംരംഭകരെ ആകർഷിക്കുക എന്നിവ ആവശ്യമാണ്.
കൃത്യമായ രോഗപ്രതിരോധ കുത്തിവെയ്പ്പുകളും ശാസ്ത്രീയ സംവിധാനങ്ങളും ഏർപ്പെടുത്തുകയും പരിശീലനങ്ങളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്ത് ഈ മേഖലയിലേക്ക് ജനങ്ങളുടെ താൽപര്യം വർധിപ്പിക്കണം. ഇതിലൂടെ ദരിദ്ര കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുവാൻ സാധിക്കും.
പ്രാദേശിക സാമ്പത്തിക വികസനം
വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്താണ് മുളിയാർ. ഇവിടെ കാര്യമായ വ്യവസായങ്ങൾ നിലവിലില്ല. ഭൂരിഭാഗം ജനങ്ങളും കാർഷിക മേഖലയിൽ പണിയെടുക്കുന്നതിനാൽ കാർഷികോത്പന്നങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
അടയ്ക്ക, തെങ്ങ്, കശുവണ്ടി, റബ്ബർ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. ഈ ഉത്പന്നങ്ങളുടെ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. വൈദ്യുത ലഭ്യതക്കുറവ് മൂലം ഇവിടെ വ്യവസായങ്ങൾ വളരാനുള്ള സാധ്യത കുറവാണ്.
മൂലധന നിക്ഷേപത്തിന് സന്നദ്ധതയുള്ള ജനതയാണ് ഇവിടെയുള്ളത്. ഈ പ്രദേശങ്ങളിൽ കശുവണ്ടി സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതോ ഇളനീർ സംസ്കരണ സംവിധാനം വികസിപ്പിക്കുന്നതോ കർഷകർക്ക് ഗുണകരമാകും.
ഇതുകൂടാതെ മുട്ട, ഇറച്ചി, റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റുകൾ, നോട്ട്ബുക്ക് നിർമ്മാണം, കുട നിർമ്മാണം, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്കും ഗ്രാമപഞ്ചായത്തിൽ സാധ്യതയുണ്ട്.
ആഗോളീകരണത്തിന്റെ ഭാഗമായി കമ്പോളത്തിൽ മത്സരിക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവവും ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനക്കുറവും മറ്റൊരു കാരണമാണ്. ഐ.ടി പാർക്ക്, വ്യവസായ പാർക്ക് എന്നിവ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനായാൽ പഞ്ചായത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയും.
ആരോഗ്യവും ശുചിത്വവും
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ അനുഭവിക്കുന്ന ജനങ്ങളാണ് മുളിയാറിലേത്. എൻഡോസൾഫാൻ എന്ന മാരക കീടനാശിനിയുടെ ഉപയോഗം കാരണം മാറാരോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ഈ മാരക വിഷത്തിനെതിരെ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചതിൽ മുളിയാറിലെ ജനങ്ങളുടെ പങ്ക് പരമപ്രധാനമാണ്.
ഈ കൂട്ടായ യത്നത്തിന്റെ ഫലമായി അസുഖബാധിതർക്ക് സാമ്പത്തിക സഹായവും ആരോഗ്യപരിരക്ഷയും സാമൂഹ്യനീതിയും ഒരു പരിധിവരെ ഉറപ്പാക്കാൻ കഴിഞ്ഞു. ഇതുകൂടാതെ മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയും ജനങ്ങളെ അലട്ടുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും കുടുംബശ്രീയുടെയും ഇടപെടലിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിച്ചുവരുന്നു.
കോവിഡ് കാലഘട്ടത്തെ ഫലപ്രദമായി അതിജീവിക്കുന്നതിൽ മുളിയാർ പഞ്ചായത്ത് മുൻപന്തിയിലുണ്ടായത് ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്.
സാമൂഹ്യ ശുചിത്വത്തിൽ വളരെ പിന്നിലാണെങ്കിലും വ്യക്തി ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ് മുളിയാറിലെ ജനങ്ങൾ. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മാലിന്യ നിർമാർജനത്തിലെ അപാകതകളും മുഖ്യപ്രശ്നങ്ങളാണ്.
ശാസ്ത്രീയ മാലിന്യശേഖരണ സംവിധാനങ്ങളോ മാലിന്യസംസ്കരണ സംവിധാനങ്ങളോ പര്യാപ്തമല്ലാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നു. ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും ഭരണസ്ഥാപനങ്ങളുടെയും ഇടപെടലിലൂടെ ഒരു പരിധിവരെ മാലിന്യപ്രശ്നങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
നമ്മുടെ പുഴകളും മിനി ഉറവകളും മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതുണ്ട്. ഹരിത കർമ്മസേനയുടെ പ്രവർത്തനം സജീവമായതോടെ പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം കണ്ടിട്ടുണ്ടെങ്കിലും, പ്രസ്തുത മാലിന്യം സംസ്കരിക്കാനുള്ള യൂണിറ്റുകൾ ആവശ്യമാണ്.
വിദ്യാഭ്യാസം, സംസ്കാരം, കലാകായികം
ആചാരങ്ങളാലും അനുഷ്ഠാനങ്ങളാലും ബന്ധിതമായ പൂർവകാല സംസ്കാരത്തിൽ നിന്ന് വിടുതൽ നേടിക്കൊണ്ടിരിക്കുമ്പോഴും ആധുനിക കലകളുടെയും സംസ്കാരത്തിന്റെയും വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സമൂഹമാണ് മുളിയാറിലേത്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന പ്രദേശമായതിനാൽ ഈ മൂന്ന് മതങ്ങളുടെയും സ്വാധീനം കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തമാണ്.
ക്ഷേത്രങ്ങൾ, കാവുകൾ, തറവാടുവീടുകൾ, താനങ്ങൾ തുടങ്ങിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കലാസാംസ്കാരിക കൂട്ടായ്മകൾ ഹിന്ദു സമൂഹത്തിനിടയിൽ നിലനിൽക്കുന്നു. ഉത്സവങ്ങൾ, തെയ്യങ്ങൾ എന്നിവയോട് അനുബന്ധിച്ച കലാപ്രകടനങ്ങൾ ജാതി-മത വ്യത്യാസങ്ങൾക്കതീതമായ പ്രാദേശിക ആഘോഷങ്ങളായി മാറിയിട്ടുണ്ട്.
കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ തനത് കലയായ തെയ്യം വ്യാപകമായി കെട്ടിയാടപ്പെടുന്നു. മലയാള മാസം തുലാം മുതൽ ആരംഭിക്കുന്ന തെയ്യാട്ടങ്ങൾ മേടം അവസാനവരെ തുടരുന്നു.
തെയ്യോത്സവങ്ങളോടനുബന്ധിച്ച് സമൂഹസദ്യ, ഘോഷയാത്ര തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എസ്.സി വിഭാഗത്തിൽപ്പെടുന്ന മലയൻ, വണ്ണാൻ, നൽക്കദായ വിഭാഗങ്ങളാണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നത്.
യക്ഷഗാന കലക്കും മുളിയാറിൽ ഒരുകാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് പൊതുവേ പ്രദർശിപ്പിക്കപ്പെടുന്നില്ലെങ്കിലും ഈ കലാരൂപത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണ്.
മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ഉറൂസ്, കോൽക്കളി, ദഫ്മുട്ട്, കൈകൊട്ടിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്.
പ്രാദേശിക ക്ലബ്ബുകളും വായനശാലകളും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നാടകങ്ങളും നൃത്തപരിപാടികളും അവതരിപ്പിച്ചുവരുന്നു. കലാരംഗത്ത് ഏറെ മുന്നേറാൻ കഴിയുന്ന സാംസ്കാരിക പാരമ്പര്യത്തിന് ഉടമകളാണ് മുളിയാറിലെ ജനങ്ങൾ.
യുവജനക്ഷേമം
മുളിയാറിലെ യുവജനങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ആവശ്യമായ പദ്ധതികൾ അനിവാര്യമാണ്. കായികമേഖലയ്ക്ക് പ്രത്യേക നയം പഞ്ചായത്ത് ആവിഷ്കരിക്കണം. മിനി സ്റ്റേഡിയവും പ്ലേഗ്രൗണ്ടുകളും മുളിയാറിൽ വികസിപ്പിക്കേണ്ടതുണ്ട്. പ്ലാന്റേഷൻ ഭൂമി ലീസിന് എടുത്ത് മികച്ച കളിസ്ഥലം നിർമ്മിക്കാൻ ശ്രമിക്കണം.
ടൂറിസം
പഞ്ചായത്തിന്റെ തനത് ഫണ്ട് വർധിപ്പിക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ് ടൂറിസം വികസനം. ഇക്കോ ടൂറിസം, വന ടൂറിസം, തീർത്ഥാടന ടൂറിസം, സൈറ്റ് ടൂറിസം, ജൈവ ടൂറിസം, പൈതൃക ടൂറിസം തുടങ്ങിയ മേഖലകളിൽ പഞ്ചായത്തിന് വലിയ സാധ്യതയുണ്ട്. സ്നേക്ക് പാർക്ക്, വനമേഖലകളിലെ ടൂറിസം പദ്ധതികൾ, പയസ്വിനി പുഴയിൽ അഡ്വഞ്ചർ പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിച്ചാൽ മുളിയാർ കൂടുതൽ ശ്രദ്ധ നേടും.
സാമൂഹ്യക്ഷേമം
സാമൂഹ്യക്ഷേമ രംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മുളിയാർ പഞ്ചായത്തിലും ഇതിനായി വൃദ്ധക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നിവയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം) പോലുള്ള പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കിവരുന്നു. വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തണം. വയോജന പാർക്കുകൾ, പകൽവീട്, ഹാപ്പിനസ് പാർക്ക് പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്.
ദാരിദ്ര്യ ലഘൂകരണം
കാസർഗോഡ് ജില്ലയിലെ പിന്നോക്ക പഞ്ചായത്തുകളിലൊന്നാണ് മുളിയാർ. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ചെറുകിട കർഷകരും കർഷക തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിൽ വലിയൊരു പങ്കാണ്. ആരോഗ്യകരമായ പാർപ്പിടം, ഭക്ഷണം, തൊഴിൽ എന്നിവയുടെ കുറവ് ഒട്ടേറെ കുടുംബങ്ങളെ ബാധിക്കുന്നു. കാർഷിക മേഖലയിലെ വിലയിടിവും തൊഴിലില്ലായ്മയും ദാരിദ്ര്യത്തെ വർധിപ്പിക്കുന്നു. കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വയംസഹായ സംഘങ്ങൾ എന്നിവ ദാരിദ്ര്യ ലഘൂകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
കുടിവെള്ളം
മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യ ഘടകമാണ് കുടിവെള്ളം. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രധാനമായും ആശ്രയിക്കുന്നത് കിണർ, കുളം, പുഴ എന്നിവയാണ്. മഴക്കാലം കഴിഞ്ഞതോടെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. വിഭവഭൂപട സർവേ പ്രകാരം 4396 കിണറുകളും 406 കുഴൽക്കിണറുകളും ഉണ്ട്. ഇതിൽ 1136 എണ്ണം വറ്റാത്ത കിണറുകളാണ്. കുഴൽക്കിണറുകളുടെ അമിത ഉപയോഗം മൂലം ഭൂഗർഭജലം താഴുകയും ജലദൗർലഭ്യം ഉണ്ടാകുകയും ചെയ്യുന്നതായി ഭൂജല വകുപ്പിന്റെ സർവേ വ്യക്തമാക്കുന്നു. പകുതിയിലധികം കുന്നിൻ പ്രദേശമായതിനാൽ മഴവെള്ളം ശക്തമായി ഒഴുകിപ്പോകുന്നു. ഇത് മനസ്സിലാക്കി ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിത വികസന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പ്രധാനമായും ബാവിക്കരയിൽ നിന്നാണ് ശേഖരിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതി മുഖേന എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും വികസനം
കേരളത്തിലെ മറ്റ് ജില്ലകളിലേതുപോലെ സാമൂഹിക സാഹചര്യങ്ങളുള്ള പ്രദേശമാണ് മുളിയാർ. സാമൂഹ്യരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോഴും പരിമിതമാണ്. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, കലാ മേഖലകളിൽ ഈ പ്രദേശത്തെ സ്ത്രീകൾക്ക് വ്യക്തിമുദ്ര പതിപ്പിക്കാനാകുന്ന സാഹചര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പഴയകാലത്തേക്കാൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇന്ന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് കുടുംബിനികളായ വനിതകളുടെയും പ്രായപൂർത്തിയായ പെൺകുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങൾ പഠിച്ച് അവർക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണം. ഇതിൽ ആരോഗ്യപ്രവർത്തകരുടെയും കുടുംബശ്രീയുടെയും പങ്ക് നിർണായകമാണ്. സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും അവ ഇല്ലെന്ന് പറയാനാവില്ല. കുടുംബശ്രീ ശാക്തീകരണവും ബോധവത്കരണവും വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ഇതിനായി ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. വുമൺസ് പാർക്കും ചിൽഡ്രൻസ് പാർക്കും പദ്ധതികളിൽ ഉൾപ്പെടുത്തണം
സദ്ഭരണം, കണക്കുകളും രേഖകളും തയ്യാറാക്കൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്താണ് മുളിയാർ. പരിമിതമായ കെട്ടിട നികുതി, തൊഴിൽ നികുതി, ഗവൺമെന്റ് ഗ്രാന്റുകൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് സ്പോൺസർഷിപ്പുകളിലൂടെയോ വായ്പകളിലൂടെയോ പദ്ധതികൾക്കാവശ്യമായ ധനം കണ്ടെത്തേണ്ടതുണ്ട്. വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകളും രേഖകളും കൃത്യമായി തയ്യാറാക്കൽ നടപ്പാക്കി. തുടർന്ന് ഫ്രണ്ട് ഓഫീസ് സംവിധാനം കൊണ്ടുവന്ന് സേവനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കി. കമ്പ്യൂട്ടർ സംവിധാനത്തിന്റെ വ്യാപനത്തോടെ ഓഫീസ് പ്രവർത്തന കാര്യക്ഷമത വർധിക്കുകയും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനാവുകയും ചെയ്തു. നിലവിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിക്കുകയും അനുബന്ധ കെട്ടിടങ്ങളും ചുറ്റുമതിലും നിർമിച്ച് ഓഫീസ് സൗകര്യപ്രദമാക്കുകയും വേണം. മലയോര ഹൈവേ സൈഡിൽ പഞ്ചായത്തിന്റെ പേര് ആലേഖനം ചെയ്യുന്ന കമാനം സ്ഥാപിക്കേണ്ടതുമുണ്ട്.
പട്ടികജാതി പട്ടികവർഗ്ഗ വികസനം
ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൂർണമായി കടന്നുചെല്ലാത്ത ജനവിഭാഗമാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയിലെ വനങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് മുളിയാർ. ഇവിടെ ദായ, മോഗർ, ചക്ലിയൻ, ബൈരൻ, മലയർ, വണ്ണാൻ തുടങ്ങിയ പട്ടികജാതി വിഭാഗങ്ങളും മലവേട്ടുവ പട്ടികവർഗ്ഗ വിഭാഗവും താമസിക്കുന്നു. ഇവർക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് ഊരുകൂട്ടങ്ങൾ സംഘടിപ്പിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇവർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ: പാർപ്പിട പ്രശ്നം ഭൂമിയുടെ അഭാവം ശുദ്ധജല ലഭ്യത കുറവ് ആരോഗ്യപ്രശ്നങ്ങൾ പൊതുശ്മശാന സൗകര്യങ്ങളുടെ അഭാവം ഗ്രാമപഞ്ചായത്ത് അടിസ്ഥാനസൗകര്യ വികസനത്തിനും ആരോഗ്യ-ശുചിത്വ പ്രവർത്തനങ്ങൾക്കും പ്രത്യേക ഊന്നൽ നൽകണം.
പൊതുമരാമത്ത്, ഊർജ്ജം
കാസർഗോഡ് ടൗണിൽ നിന്ന് 15 കിലോമീറ്ററും, NH-17ൽ നിന്ന് 5 കിലോമീറ്ററും അകലെയാണ് മുളിയാർ ഗ്രാമപഞ്ചായത്ത്. ജാൽസൂർ–സുള്ള്യ–മൈസൂർ ഇന്റർസ്റ്റേറ്റ് ഹൈവേ പ്രധാന പാതയാണ്. ബോവിക്കാനം–എരിഞ്ഞിപ്പുഴ, ബോവിക്കാനം–മല്ലം എന്നിവയാണ് മറ്റ് പ്രധാന റോഡുകൾ. ഇവയുമായി ബന്ധിപ്പിച്ച് നിരവധി ചെറു റോഡുകളും നിലവിലുണ്ട്. 2006 ലെ സർവേ പ്രകാരം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നീളം 68 കിലോമീറ്റർ ആണ്. മഴക്കാലത്തിന് ശേഷം പല റോഡുകളിലൂടെയുള്ള യാത്ര പ്രയാസകരമാകുന്നു. 50% റോഡുകൾ മാത്രമാണ് പൂർണമായി ടാർ ചെയ്തിട്ടുള്ളത്. കൂടാതെ നിരവധി പാലങ്ങൾ, നടപ്പാലങ്ങൾ, തൂക്കുപാലങ്ങൾ ആവശ്യമാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ യാത്രാസൗകര്യം സൃഷ്ടിക്കുവാൻ കൂടുതൽ ഫണ്ടുകൾ ആവശ്യമാണ്. മുളിയാർ പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളും വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ട്. പ്രധാന പ്രശ്നം വോൾട്ടേജ് ക്ഷാമം ആണ്. വിവിധ പ്രദേശങ്ങളിൽ കൂടുതൽ ട്രാൻസ്ഫോർമറുകൾ ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ സൗരോർജ്ജം, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ പകരം ഊർജസ്രോതസ്സുകളുടെ ഉപയോഗം വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്.
ദുരന്തനിവാരണവും ജൈവവൈവിധ്യവും
ആകസ്മികമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് കെടുതികളിൽ നിന്നും നാടിനെ രക്ഷിക്കാൻ പ്രത്യേക ദുരന്തനിവാരണ പദ്ധതികൾ ആവിഷ്കരിക്കുകയും കർമ്മസേനകൾ രൂപീകരിച്ച് പരിശീലനം നൽകുകയും വേണം. ജൈവവൈവിധ്യ സംരക്ഷണം നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്. മുളിയാറിന്റെ ജൈവവൈവിധ്യം കേരളത്തിൽ ശ്രദ്ധേയ സ്ഥാനത്തേക്ക് ഉയർത്താനാവും. പയസ്വിനി പുഴ, ചന്ദ്രഗിരി പുഴ, പ്രത്യേകിച്ച് നൈയ്യകയം മേഖലയിലെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന പ്രത്യേക മത്സ്യങ്ങളെയും പാലപ്പൂവൻ ആമകളെയും സംരക്ഷിക്കണം. ഇത്തരം മേഖലകളെ ടൂറിസവുമായി ബന്ധിപ്പിച്ച് വികസിപ്പിക്കാനും കഴിയും. വന ടൂറിസവും ജൈവവൈവിധ്യ സംരക്ഷണവും പരസ്പരം പൂരകമാകുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം.