ഭൂമി ശാസ്ത്രം

ഭൂമിശാസ്ത്രം

ഭൂപ്രകൃതി

കേരളത്തിലെ വടക്കേ അറ്റമായ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂ ക്കിൽപ്പെട്ട ചന്ദ്രഗിരി പുഴയുടേയും മൊഗ്രാൽ പുഴയുടേയും നീർത്തടാതിർത്തിക്കകത്ത് സ്ഥിതി ചെയ്യുന്ന 45.76. ച.കി.മീ. വിസ്തൃതിയിലുള്ള ഗ്രാമപഞ്ചായത്താണ് മുളിയാർ. കുന്നിൻ പുറങ്ങളും ചെരുവുകളും സമതലങ്ങളും ഉൾച്ചേർത്ത 14 ചെറുനീർത്തടങ്ങളോട് കൂടിയ ഈ ഗ്രാമപഞ്ചായത്തിന്റെ മുന്നിലൊരു ഭാഗം റിസർവ്വ് വനഭൂമിയാണ്. 348 ഹെക്ടർ സ്ഥലം പ്ലാന്റേഷൻ കോർപ്പറേഷൻ വക കശുമാവിൻ തോപ്പും കഴിഞ്ഞ് ബാക്കി വരുന്ന ഉദ്ദേശം പകുതിയോളം പ്രദേശം ജനങ്ങളുടെ കൈവശവുമാണ് നിലവിലുള്ളത്. നിരവധി കൈത്തോടുകളും, അരുവികളും ഉള്ള ഈ ഗ്രാമപ്രദേശത്തിന്റെ തെക്കേ അതിർത്തിയിലൂടെ ചന്ദ്രഗിരി പുഴയുടെ പോഷകനദിയായ പയസ്വിനി പുഴ ഒഴുകുന്നു. ചെങ്കള, ബേഡഡുക്ക, കാറഡുക്ക എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഭൂമിശാസ്ത്രപരമായ അതിർത്തി പ്രദേശങ്ങൾ.

ഭൂപ്രദേശത്തിന്റെ കിടപ്പിനെ ആസ്പദമാക്കി കുന്നിനുപുറങ്ങൾ, ചരിവ് പ്രദേശങ്ങൾ, സമതലങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കാം. കേരളത്തിന്റെ മിഡ്ലാന്റ് സോണിൽ പെടുന്ന ഈ ഭൂപ്രദേശത്തെ കൂടുതലായി ലാറ്ററൈറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് കണ്ടുവരുന്നത്. കുത്തനെയുള്ള ചരിവ് പ്രദേശങ്ങൾ ഈ ഗ്രാമപഞ്ചായത്തിൽ തന്നെ കുറവാണ്.

കുന്നിൻപുറങ്ങൾ

കൂടുതലായും പാറ പ്രദേശങ്ങളാണ് മേൽമണ്ണ് വളരെ ചെറിയ പാളിയായി കാണപ്പെടുന്നു. ചെങ്കൽ ഖനനത്തിന് സാധ്യതയേറെയുള്ള ഈ ഭൂപ്രദേശത്തെ ചില സ്ഥലങ്ങളിൽ ചെങ്കൽ ഖനനം നടന്നു വരുന്നുണ്ട്. കാർഷിക വിളകൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള സാധ്യത ഇവിടെ വളരെ കുറവാണ്. എന്നിരിക്കലും കശുമാവിൻ കൃഷിക്കുള്ള സൗകര്യങ്ങൾ ചിലയിടങ്ങളിൽ കാണാം. മുളിയാറിലെ കുട്ട്യാനം, പയർപ്പള്ളം, മജക്കാർ, മല്ലം, മുണ്ടക്കൈ, ആലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കട്ടകൂടിയ കരിങ്കൽ പാറകൾ കണ്ടുവരുന്നുണ്ട്. മേൽമണ്ണിന് തൊട്ട് താഴെ യായി കണ്ടുവരുന്ന ഈ പ്രകൃതി സമ്പത്ത് നിർമ്മാണ പ്രവർത്തികൾക്കായി ഇപ്പോൾ തന്നെ ഖനനം ചെയ്ത് വരുന്നുണ്ട്.

ചരിവ് പ്രദേശങ്ങൾ

സമതലങ്ങളോട് ചേർന്ന ചരിവ് പ്രദേശങ്ങൾ ആണ് ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലവും. ചരൽ കാരണം വളക്കൂറുള്ള മേൽമണ്ണാണ് ഇവിടെ കണ്ടുവരുന്നത്. കോണ്ടൂർ ബണ്ടിംഗ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചും, മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചും സംരക്ഷിക്കപ്പെടുന്നില്ലെങ്കിലും രൂക്ഷമായ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശങ്ങളാണിവ. നിലവിൽ ഈ പ്രദേശത്തുള്ള പ്രധാന വിളകളുമാവാണ്. റബ്ബർ, കൃഷി വ്യാപകമായി വരുന്നുണ്ട്. സർക്കാർ റിസർവ്വ് വനം ഇത്തരം ഭൂപ്രദേശമാണ്. ജനങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളും ഈ ചെരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്.

സമതലങ്ങൾ

ചെരിവുകളോട് ചേർന്ന സമതല പ്രദേശങ്ങൾ ഫലഭൂയിഷ്ഠവും എല്ലാവിധ കാർഷിക വിളകൾക്കും അനുയോജ്യവുമാണ്. ആദ്യകാല ആവാസ കേന്ദ്രങ്ങളായ ചരിവുകളോട് തൊട്ടുള്ള ഭൂപ്രദേശം ഉപയോഗപ്പെടുത്തി വന്നിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങി എല്ലാവിധ കൃഷി വിളകളും ഇവിടെ കണ്ടു വരുന്നു. ജലലഭ്യത ഏറെയുള്ളതാണ് ഇതിന് പ്രധാന കാരണം. കാലാവസ്ഥയിൽ അനുഭവപ്പെടുന്ന ഗണ്യമായ മാറ്റങ്ങൾ ഈ പ്രദേശങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പയസ്വിനി പുഴയുടെ തീരപ്രദേശം സമതല പ്രദേശങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രദേശത്തിന്റെ ഫലഭൂയിഷ്ടത പ്രയോജനപ്പെടുത്താൻ കർഷകർ പരമാവധി ശ്രമങ്ങൾ നടത്തി വരുന്നു. പ്രകൃതിയുടെ മേഖല നാം നടത്തുന്ന കയ്യേറ്റങ്ങൾക്ക് തിരിച്ചടികൾ രൂപം കൊള്ളുന്ന സ്ഥിതി ഇന്നും നില വിലുള്ളത് നമ്മുടെ ജല സമ്പത്തിന്റെ ശോഷണവും വേനൽക്കാലങ്ങളിൽ ഉണ്ടാവുന്ന കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് കൊണ്ടുള്ള സ്ഥായീഭാവത്തോടുള്ള വികസന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കേണ്ടുന്ന ആവശ്യകതയ്ക്ക് ഇത് ഊന്നൽ നർകുന്നു.