ഭൂമി ശാസ്ത്രം

ഭൂമിശാസ്ത്രം
മുളിയാർ ഗ്രാമ പഞ്ചായത്ത്

പൊതുവിവരം

കേരളത്തിലെ വടക്കേ അറ്റമായ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിൽപ്പെട്ട ചന്ദ്രഗിരി പുഴയുടേയും മൊഗ്രാൽ പുഴയുടേയും നീർത്തടാതിർത്തിക്കകത്ത് സ്ഥിതി ചെയ്യുന്ന 45.76 ച.കി.മീ. വിസ്തൃതിയിലുള്ള ഗ്രാമപഞ്ചായത്താണ് മുളിയാർ. കുന്നിൻപുറങ്ങളും ചെരുവുകളും സമതലങ്ങളും ഉൾച്ചേർന്ന 14 ചെറുനീർത്തടങ്ങളോട് കൂടിയ ഈ ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗം റിസർവ് വനഭൂമിയാണ്. 348 ഹെക്ടർ സ്ഥലം പ്ലാന്റേഷൻ കോർപ്പറേഷൻ വക കശുമാവിൻ തോപ്പും ബാക്കി വരുന്ന പ്രദേശം ജനങ്ങളുടെ കൈവശവുമാണ്.

നിരവധി കൈത്തോടുകളും അരുവികളും ഉള്ള ഈ ഗ്രാമപ്രദേശത്തിന്റെ തെക്കേ അതിർത്തിയിലൂടെ ചന്ദ്രഗിരി പുഴയുടെ പോഷകനദിയായ പയസ്വിനി പുഴ ഒഴുകുന്നു. ചെങ്കള, ബേഡഡുക്ക, കാറഡുക്ക എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഭൂമിശാസ്ത്രപരമായ അതിർത്തി പ്രദേശങ്ങൾ.

ഭൂപ്രദേശത്തിന്റെ കിടപ്പിനെ ആസ്പദമാക്കി കുന്നിൻപുറങ്ങൾ, ചരിവ് പ്രദേശങ്ങൾ, സമതലങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കാം. കേരളത്തിന്റെ മിഡ്ലാൻഡ് സോണിൽപ്പെടുന്ന ഈ ഭൂപ്രദേശത്ത് കൂടുതലായി ലാറ്ററൈറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് കണ്ടുവരുന്നത്.

കുന്നിൻപുറങ്ങൾ

കൂടുതലായും പാറ പ്രദേശങ്ങളാണ്. മേൽമണ്ണ് ചെറിയ പാളിയായി കാണപ്പെടുന്നു. ചെങ്കൽ ഖനനത്തിന് സാധ്യതയേറെയുള്ള പ്രദേശമാണിത്.

ചരിവ് പ്രദേശങ്ങൾ

ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗവും ചരിവ് പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണും കാർഷിക സാധ്യതയും കൂടുതലാണ്.

സമതലങ്ങൾ

ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നു.